Thursday, November 4, 2010

പുറംകാഴ്ചകള്‍


നാം അറിയാത്ത..., അല്ല..., നാം അറിഞ്ഞിട്ടും,
അറിഞ്ഞില്ലെന്നു നടിക്കുന്ന  ചില ജീവിതങ്ങളുണ്ട്...
നാം കണ്ടിട്ടും,  കാണാത്ത ജീവിതങ്ങള്‍.... 
ആ ജീവിതങ്ങളുടെ പുറംകാഴ്ചകളിലേക്കു...

പുറംകാഴ്ചകള്‍ 

പകലുറങ്ങി, ഈ രാവുമുറങ്ങി
രാവിന്‍ നിശബ്ദശബ്ദങ്ങളുമുറങ്ങി  
റാന്തലിന്‍ വെളിച്ചം കടത്തിണ്ണയില്‍ നിറഞ്ഞു 
കാറ്റാടിക്കോലങ്ങള്‍ വട്ടമിട്ടിരുന്നു 
ചില്ലറത്തുട്ടുകള്‍ വാരി വിതറി 
എണ്ണമില്ലാത്തവര്‍ എണ്ണിത്തുടങ്ങി... 

സ്വപ്നങ്ങള്‍ കാണാന്‍ വിലക്കുള്ളവര്‍
സ്വപ്നങ്ങളെന്തെന്നറിയാത്തവര്‍..
പല്ലുന്തിയ മോണകള്‍ ഇളക്കിച്ചിരിച്ചു 
ദിനാന്ത്യ "സൗഭാഗ്യം" നോക്കി രസിച്ചു
തങ്ങളില്‍ത്തങ്ങളില്‍ തോളത്തു തട്ടിയും 
ഇല്ലാ ദൈവങ്ങളെ പരിഹസിച്ചും 
തന്നുടെ നേട്ടങ്ങളൊതുക്കിവച്ചു 
ഈ രാവു വെളുപ്പിക്കാന്‍ കിടന്നുറങ്ങി..

കാലമുറങ്ങും ഈ കോലവുമുറങ്ങും
പാടാന്‍ മറന്നയീകഥകളുമുറങ്ങും  
കീറിയ കുപ്പായം കൂട്ടിപ്പിടിച്ചും 
തെരുവു സംഗീതത്തിനു ചുവടു വെച്ചും 
പലതുള്ളിക്കണ്ണീരായി 
വരുമെനിയും ജന്മങ്ങള്‍ 
മുജ്ജന്മ പാപത്തിന്‍ 
കണക്കു തീര്‍ക്കാത്തവര്‍ 


Wednesday, November 3, 2010

നീ എന്‍റെ ബ്ലോഗ്‌ വായിച്ചിരിക്കുന്നു...

ഞാന്‍ പാതി എഴുതി നിര്‍ത്തിയ
കവിതകളെ നീ തേടിപ്പിടിച്ചു...
നിന്‍റെ സ്പര്‍ശനം അതിനു ശ്രുതി നല്‍കി
മനസ്സിലിട്ടു മൂളാനൊരീണവും ....
നിന്‍റെ കണ്ണില്‍ നിന്നൂര്‍ന്നു
വീണ അശ്രുബിന്ദുക്കളില്‍
അവ ജീവന്‍റെ നനവറിഞ്ഞു...

നിന്‍റെ വിരല്‍ത്തുമ്പില്‍ പടര്‍ന്നു കയറിയ 
എന്‍റെ വരികള്‍ക്കു, നീ നല്‍കിയ 
ഹൃദയത്തുടിപ്പിന്‍റെ താളം
ഇന്നെനിക്കു കേള്‍ക്കാം...

ഒരു ഹൃദയദൂരത്തിനിപ്പുറം 
എന്‍റെ കാതുകളില്‍ നീ മന്ത്രിച്ച 
നിശബ്ദശബ്ദങ്ങളില്‍ 
നിസ്സ്വനായി ഞാന്‍ നിന്നു...

ചാരം മൂടിക്കിടന്ന എന്‍റെ
പ്രണയത്തിനിന്നു മോക്ഷം ലഭിച്ചു..
എന്‍റെ ഈരടികള്‍ അതിനു
സ്മാരകം പണിഞ്ഞു...

നീ എന്‍റെ ബ്ലോഗ്‌ വായിച്ചിരിക്കുന്നു...   

Monday, October 25, 2010

ഒരു തിരയുടെ മൌനനൊമ്പരം

ആരോ വിളിച്ചതു പോലെ തോന്നിയോ ?
ഒരു ഞരക്കത്തോടെ ഞാനുണര്‍ന്നു,
കണ്ണു തുറന്നു നോക്കി...
കവിള്‍ത്തടം നനഞ്ഞിരിക്കുന്നു, ഞാന്‍ കരഞ്ഞുവോ?
ആരാ കണ്ണു തുടച്ചത്?
തിരകളായിരിക്കും...

മേഘം കനക്കുന്നു...
ഒഴുക്കിനിടയില്‍ ആരോ പറയുന്നതായി കേട്ടു,
ദു:ഖം കനക്കുമ്പോള്‍ മാനം പൊഴിക്കുന്ന അശ്രുബിന്ദുക്കളാണ് മഴ.
കരയ്ക്കടുത്തുകൂടി പോയപ്പോള്‍ ഒരു കവി പറഞ്ഞതാണത്രെ! ഞാനാലോചിച്ചു, ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കും, അന്നു കടല്‍പ്പാലത്തില്‍ തനിച്ചിരുന്നു  വിതുമ്പിയ പെണ്‍കുട്ടിക്കും കരയാന്‍ എന്തായിരിക്കും കാരണം?

ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചിന്തിച്ചു,
അവര്‍ക്കുമുണ്ടാകും എനിക്കുള്ളതു പോലെ ഒരു കഥ...

ഞാന്‍ ഒന്നുയര്‍ന്നു നോക്കി,
മീന മാസത്തിലെ ആകാശം പോലെ ശാന്തമായ സമുദ്രം.
ഒഴുകി നടന്നു അലയടിക്കുന്ന ഞങ്ങള്ക്കു
ശാന്തത ഒരു ദുസ്വപ്നമാണ്. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെയും മോഹങ്ങളെയുമാണ് അവ ഓര്‍മ്മിപ്പിക്കുന്നത്...
ആ ശാന്തതയ്ക്കു നടുവില്‍ എനിക്കു പിരിയേണ്ടി വന്ന ആ കൊച്ചു തീരത്തെ ഞാന്‍ തിരഞ്ഞു... കൂടു വിട്ടു കൂടു മാറുന്ന ദേശാടനകിളികളെപ്പോലെ ഒരു കര  വിട്ടു മറ്റു കരയിലേക്കു നീങ്ങുന്ന ഞങ്ങള്ക്കു തീരത്തെ സ്നേഹിക്കാന്‍ അവകാശമില്ല. എങ്കിലും, നിലാവുള്ള രാത്രികളില്‍ എന്‍റെ സിരകള്‍ക്കു ചൂടു പകര്‍ന്ന  ആ കൊച്ചു തീരത്തെ മണല്‍തരികളെ ഞാന്‍ ഒരുപാടു സ്നേഹിച്ചു. എന്‍റെ പ്രണയം അവനോടു തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു... മനസ്സു നിറയെ പറയാന്‍ കൊതിച്ച പ്രണയവുമായി ഓരോ വട്ടവും ഞാന്‍ തീരത്തണയുമ്പോഴും ഒന്നും പറയാനാകാതെ തിരിച്ചു വിളിക്കപ്പെടും.

വേഗത കൂടിയോ? പ്രതീക്ഷയോടെ ഞാന്‍ വീണ്ടും ഒന്നുയര്‍ന്നു നോക്കി... നിര്‍വികാരികളായ പാറക്കൂട്ടങ്ങള്‍!!!

ഞാന്‍ വീണ്ടും കണ്ണടച്ചു...


ദൂരെയെവിടയോ ഒരു തിര പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറി........

ജീവിതം

കൂട് തുറന്നു വിട്ട പക്ഷിപോല്‍  
പറന്നകന്നു ജീവിതം...
വിധിയില്‍  കുരുങ്ങിക്കിടക്കും
തന്‍  ശരീരത്തേയും നിശ്ചലമാക്കി.............

Saturday, October 23, 2010

യാത്രാമൊഴി

നിന്‍റെ ഇരുണ്ട കവിള്‍ത്തടത്തിലെ 
വിരിയുന്ന നുണക്കുഴികളില്‍ 
ഒരു പൂവിനെയെന്നപോല്‍ ഞാന്‍ തൊട്ടു.. 
വാക്കുകള്‍ ഉറഞ്ഞു പോയ
നിന്‍റെ വരണ്ട ചുണ്ടുകളില്‍ 
ഞാനെന്‍റെ ചുണ്ടുകള്‍ കോര്‍ത്തു.. 
വിയര്‍ക്കുന്ന നിന്‍ ഹൃദയത്തെ 
ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ..
പ്രതീക്ഷയോടെ നിന്‍ നേത്രങ്ങള്‍ 
എന്നെ നോക്കിക്കൊണ്ടിരുന്നു ...


കോര്‍ത്തു പിടിച്ച കൈകള്‍
വിരലുകള്‍ കൊണ്ട് അകത്തിമാറ്റി 
നാം കണ്ട സ്വപ്നത്തെ
മനസ്സ് കൊണ്ട്  അറത്തുമാറ്റി 
ഞാന്‍ നടന്നകന്നു.....
ലക്‌ഷ്യം മറന്ന പഥികനെപ്പോലെ..
വറ്റിയ നിന്‍റെ കണ്ണുകളില്‍ 
അപ്പോഴും സ്നേഹം ചോരിയുന്നുണ്ടായിരുന്നു...


കാത്തിരിപ്പ്

ഒരു നാള്‍ ഞാനും അവസാനിക്കും
അവകാശപ്പെടാന്‍ ഒന്നുമില്ലാതെ
ആരാലും സ്നേഹിക്കപ്പെടാതെ
കണ്ണീരു പോലും കൂട്ടിനില്ലാതെ
അന്ന് കൂടെപ്പിറന്ന നിഴലു പോലും
 പുച്ഛചിക്കും, എന്നെ നോക്കി ചിരിക്കും
കണ്ണാടി പോലും എന്‍ പ്രതിബിംബത്തെ
പ്രതിഫലിപ്പിക്കാന്‍  കഴിയാതെ തരിച്ചുനില്‍ക്കും




അപ്പോഴും അവസാന പ്രാണനേയും
ചേര്‍ത്തുപിടിച്ചു ഞാന്‍ കാത്തിരിക്കുന്നുണ്ടാവും
എന്നോ ഒരിക്കല്‍ എനിക്കു വേണ്ടി 
പേയ്യുന്ന മഴയെക്കാത്ത്... 
ആ മഴയത്തും കെടാതെ എന്നെ 
ഹവിസ്സായി സ്വീകരിക്കുവാന്‍
ഉതകുന്ന അഗ്നിയെക്കാത്ത്...
ആ അഗ്നിയിലും ദഹിക്കാതെ 
സ്വയം തപിപ്പെടുത്തിയെത്തുന്ന 
ഒരു പ്രാണനെ കാത്ത്..........