Friday, October 5, 2012

കൊങ്കണ്‍ന്‍റെ തെരുവു നക്ഷത്രം


പേരറിയാത്ത ഏതോ ഒരു പൂവിന്‍റെ സുഗന്ധവും പേറി ഒരു തണുത്ത കാറ്റു എന്നെ തഴുകി കടന്നു പോയി. കാറ്റിന്‍റെ കൂടെപ്പോയ എന്‍റെ മനസ്സിനെ  അതു ചെന്നെത്തിച്ചത് ഒരു സ്വപ്നത്തിലായിരിക്കണം . അല്ലെങ്ങില്‍ തുറന്നു പിടിച്ച കണ്ണുകളുമായി ഒരു പകല്‍കിനാവിലേക്കു ഞാന്‍ വഴുതി വീഴില്ലായിരുന്നു. എന്‍റെ സ്വപ്നങ്ങള്ക്കു കൊങ്കണ്‍ന്‍റെ  മനോഹരമായ പാടങ്ങള്‍ പശ്ചാത്തലം തീര്‍ത്തു. 

സ്വപ്നത്തില്‍ നിന്നും എന്നെ തിരച്ചു കൊണ്ടു വന്നതു രണ്ടു പിഞ്ചു കൈകളായിരുന്നു. സ്വപ്ന ലോകത്തില്‍ നിന്നും തിരിച്ചു പോന്നവന്‍റെ  ആലസ്യത്തില്‍ ഞാന്‍ ആ കുഞ്ഞു കൈകളുടെ ഉടമസ്ഥയെ നോക്കി. ആറോ ഏഴോ വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു സുന്ദരി. തന്‍റെ പ്രായത്തിലെ  മറ്റേതൊരു കുട്ടിയേയും പോലെ തിളങ്ങുന്നതായിരുന്നില്ല അവളുടെ കണ്ണുകള്‍. കണ്ണീരു വറ്റിയ ആ കണ്ണുകള്‍ക്കു പറഞ്ഞറിയിക്കാനാവാത്ത ആഴമുണ്ടായിരുന്നു. ഏതോ ഒരു അഗാത ഗര്‍ത്തത്തിലേക്കു തുറിച്ചു നോക്കുന്നതു പോലെ തോന്നി എനിക്ക്. വിശപ്പു സഹിക്കവയ്യാതെ ഒരു നേരത്തെ ആഹാരത്തിനായി കൈ നീട്ടുന്നവളുടെ മുഖമായിരുന്നില്ല അവളുടേതു, പകരം ഈ ചെറു പ്രായത്തില്‍ തന്നെ താന്‍ അനുഭവിച്ച തന്‍റെ ജീവിതത്തിന്‍റെ വെറുപ്പിപിക്കുന്ന ഓര്‍മ്മകള്‍ ഒരു ഭീതിയായി ആ കുഞ്ഞു മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. 

വിറയാര്‍ന്ന കൈകള്‍ കൊണ്ടു എന്‍റെ കാലില്‍ ഒരു നൂറു വട്ടം തൊട്ടു തൊഴുതു, വല്ലതും നല്‍കണേ എന്നു കേണു. അവസാനത്തെ നാണയവും മുന്‍പേ പോയ ഭിക്ഷാടകനു കൊടുത്ത എന്‍റെ പേഴ്സില്‍ പേരിനു പോലും കാശുണ്ടായിരുന്നില്ല. നല്‍കണമെന്നു ആഗ്രഹമുണ്ടെന്നും പക്ഷെ ഇല്ലാത്തതു കൊണ്ടാണെന്നും തുറന്നു പിടിച്ച പേഴ്സു കാണിച്ചു കൊടുത്തു എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും തൊഴു കൈകളുമായി അവള്‍ കരഞ്ഞു കൊണ്ടു കേണു. എന്‍റെ നിസ്സഹായവസ്ഥയെ ഞാന്‍ ശപിച്ചു. 

എന്‍റെ പേഴ്സിന്‍റെ എല്ലാ മൂലകളിലും ഞാന്‍ മാറി മാറി നോക്കി. അതിന്‍റെ ഏതോ ഒരു മൂലയില്‍ എപ്പോഴോ വൃത്തിയായി മടക്കി വെച്ച ഒരു പത്തു രൂപ നോട്ട് എന്‍റെ കൈയില്‍ പെട്ടു. അതവിടെ ആരു കൊണ്ടു വെച്ചെന്നോ, ഇത്രയും കാലം എന്തിനു ഞാന്‍ അതു സൂക്ഷിച്ചു വെച്ചു എന്നോ എനിക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അതു വന്ന വഴി ഏതായാലും ഞാന്‍ മറന്നിരിക്കുന്നു. 

ആ പാവത്തിന്‍റെ തൊഴു കൈകളിലേക്കു ഞാന്‍ നിറഞ്ഞ മനസ്സോടെ അതു വെച്ചു കൊടുത്തു.  നിസ്സഹായതയുടെ വീര്‍പ്പുമുട്ടലില്‍ നിന്നും എന്‍റെ മനസാക്ഷിയെ രക്ഷിച്ചെടുക്കാന്‍ ആ പത്തു രൂപ നോട്ടിനായി. ചിരിക്കുകയോ കരയുകയോ ചെയ്യാതെ, ഇളം പ്രായത്തിലേ വികാരങ്ങള്‍ മുരടിച്ചുപോയ ആ കുഞ്ഞു മുഖമുയര്‍ത്തി എന്നെ ഒരു വട്ടം നോക്കി അടുത്ത ബോഗിക്കുള്ളില്‍ എവിടേയോ അവള്‍ ഓടി മറഞ്ഞു.

അവള്‍ പോയ്‌മറഞ്ഞ വഴിയേ നോക്കി ഞാന്‍ ഇരുന്നു. ഒരു പിടി നാണയങ്ങള്‍ ഇരുകൈയ്യികളിലും കൂട്ടിപ്പിടിച്ചു മറ്റേതോ ഭാഷയില്‍ അവള്‍ എന്നോടു പറയാന്‍ ശ്രമിച്ചതു സത്യത്തില്‍ ഭിക്ഷക്കായി യാചിച്ചതായിരുന്നോ അതോ.. ആ നശിച്ച നരകത്തില്‍ നിന്നും തന്നെ രക്ഷിക്കണേ എന്ന അപേക്ഷയായിരുന്നുവോ...??

Monday, August 8, 2011

പ്രണയപുഷ്പങ്ങള്‍...

1
തിരിച്ചു നടന്ന വഴികളില്‍ ചിതറിക്കിടന്ന
ചില പൂക്കളെ കണ്ടു..
അവരാരെന്നു ഞാന്‍ ചോദിച്ചു
നിന്നെ ചൂടിക്കുവാന്‍ ഞാന്‍ കോര്‍ത്തുവെച്ച
പൂമാലയില്‍ നിന്നടര്‍ന്നു വീണ
വാടമലരുകളെന്നു അവര്‍ മറുപടി പറഞ്ഞു
ഓടിച്ചെന്നവരെ എന്‍റെ കൈകളിലെടുത്തപ്പോഴേക്കും
അവ വാടിത്തളര്‍ന്നിരുന്നു......

2
നിന്‍റെ ഹൃദയത്തില്‍ ഒരിക്കല്‍ നീ കൊത്തിയ
എന്‍റെ ശില്പത്തിന്‍  കാതിലൂടെ
ഇന്നു ചോര വാര്‍ന്നൊഴുകി...
എന്നെ ബധിരനാക്കിയ ഖഡ്ഗത്തിനു
നിന്‍റെ വാക്കിന്‍റെ മൂര്‍ച്ച ഉണ്ടായിരുന്നെന്നു
ഞാനറിഞ്ഞില്ല...

3
നിന്നെ കണ്ട കണ്ണുകള്‍
മറ്റാരെയും കാണാതിരിക്കുവാന്‍
ഞാന്‍ അന്ധനാകണമെന്നു നീ ആഗ്രഹിച്ചു.......
എന്‍റെ കാതുകളില്‍ ശ്രുതി പകര്‍ത്തിയ നിന്‍റെ ചുണ്ടുകള്‍
ഒരിക്കലും അരുതെന്നു പറയാതിരിക്കുവാന്‍
നീ മൂകയാകണമെന്നു ഞാന്‍ ആഗ്രഹിച്ചതു പോലെ...

 4
നമ്മുടെ പ്രണയം സഫലമാകാതെ പോകട്ടെ
അങ്ങനെ എല്ലാ ജന്മങ്ങളിലും
ജനിച്ചു ജീവിച്ചു പ്രണയിച്ചു മരിക്കാം
പ്രണയ സാഫല്യത്തിനായി ഒരു ജന്മത്തെ കാത്തിരിക്കാം..

Thursday, November 4, 2010

പുറംകാഴ്ചകള്‍


നാം അറിയാത്ത..., അല്ല..., നാം അറിഞ്ഞിട്ടും,
അറിഞ്ഞില്ലെന്നു നടിക്കുന്ന  ചില ജീവിതങ്ങളുണ്ട്...
നാം കണ്ടിട്ടും,  കാണാത്ത ജീവിതങ്ങള്‍.... 
ആ ജീവിതങ്ങളുടെ പുറംകാഴ്ചകളിലേക്കു...

പുറംകാഴ്ചകള്‍ 

പകലുറങ്ങി, ഈ രാവുമുറങ്ങി
രാവിന്‍ നിശബ്ദശബ്ദങ്ങളുമുറങ്ങി  
റാന്തലിന്‍ വെളിച്ചം കടത്തിണ്ണയില്‍ നിറഞ്ഞു 
കാറ്റാടിക്കോലങ്ങള്‍ വട്ടമിട്ടിരുന്നു 
ചില്ലറത്തുട്ടുകള്‍ വാരി വിതറി 
എണ്ണമില്ലാത്തവര്‍ എണ്ണിത്തുടങ്ങി... 

സ്വപ്നങ്ങള്‍ കാണാന്‍ വിലക്കുള്ളവര്‍
സ്വപ്നങ്ങളെന്തെന്നറിയാത്തവര്‍..
പല്ലുന്തിയ മോണകള്‍ ഇളക്കിച്ചിരിച്ചു 
ദിനാന്ത്യ "സൗഭാഗ്യം" നോക്കി രസിച്ചു
തങ്ങളില്‍ത്തങ്ങളില്‍ തോളത്തു തട്ടിയും 
ഇല്ലാ ദൈവങ്ങളെ പരിഹസിച്ചും 
തന്നുടെ നേട്ടങ്ങളൊതുക്കിവച്ചു 
ഈ രാവു വെളുപ്പിക്കാന്‍ കിടന്നുറങ്ങി..

കാലമുറങ്ങും ഈ കോലവുമുറങ്ങും
പാടാന്‍ മറന്നയീകഥകളുമുറങ്ങും  
കീറിയ കുപ്പായം കൂട്ടിപ്പിടിച്ചും 
തെരുവു സംഗീതത്തിനു ചുവടു വെച്ചും 
പലതുള്ളിക്കണ്ണീരായി 
വരുമെനിയും ജന്മങ്ങള്‍ 
മുജ്ജന്മ പാപത്തിന്‍ 
കണക്കു തീര്‍ക്കാത്തവര്‍ 


Wednesday, November 3, 2010

നീ എന്‍റെ ബ്ലോഗ്‌ വായിച്ചിരിക്കുന്നു...

ഞാന്‍ പാതി എഴുതി നിര്‍ത്തിയ
കവിതകളെ നീ തേടിപ്പിടിച്ചു...
നിന്‍റെ സ്പര്‍ശനം അതിനു ശ്രുതി നല്‍കി
മനസ്സിലിട്ടു മൂളാനൊരീണവും ....
നിന്‍റെ കണ്ണില്‍ നിന്നൂര്‍ന്നു
വീണ അശ്രുബിന്ദുക്കളില്‍
അവ ജീവന്‍റെ നനവറിഞ്ഞു...

നിന്‍റെ വിരല്‍ത്തുമ്പില്‍ പടര്‍ന്നു കയറിയ 
എന്‍റെ വരികള്‍ക്കു, നീ നല്‍കിയ 
ഹൃദയത്തുടിപ്പിന്‍റെ താളം
ഇന്നെനിക്കു കേള്‍ക്കാം...

ഒരു ഹൃദയദൂരത്തിനിപ്പുറം 
എന്‍റെ കാതുകളില്‍ നീ മന്ത്രിച്ച 
നിശബ്ദശബ്ദങ്ങളില്‍ 
നിസ്സ്വനായി ഞാന്‍ നിന്നു...

ചാരം മൂടിക്കിടന്ന എന്‍റെ
പ്രണയത്തിനിന്നു മോക്ഷം ലഭിച്ചു..
എന്‍റെ ഈരടികള്‍ അതിനു
സ്മാരകം പണിഞ്ഞു...

നീ എന്‍റെ ബ്ലോഗ്‌ വായിച്ചിരിക്കുന്നു...   

Monday, October 25, 2010

ഒരു തിരയുടെ മൌനനൊമ്പരം

ആരോ വിളിച്ചതു പോലെ തോന്നിയോ ?
ഒരു ഞരക്കത്തോടെ ഞാനുണര്‍ന്നു,
കണ്ണു തുറന്നു നോക്കി...
കവിള്‍ത്തടം നനഞ്ഞിരിക്കുന്നു, ഞാന്‍ കരഞ്ഞുവോ?
ആരാ കണ്ണു തുടച്ചത്?
തിരകളായിരിക്കും...

മേഘം കനക്കുന്നു...
ഒഴുക്കിനിടയില്‍ ആരോ പറയുന്നതായി കേട്ടു,
ദു:ഖം കനക്കുമ്പോള്‍ മാനം പൊഴിക്കുന്ന അശ്രുബിന്ദുക്കളാണ് മഴ.
കരയ്ക്കടുത്തുകൂടി പോയപ്പോള്‍ ഒരു കവി പറഞ്ഞതാണത്രെ! ഞാനാലോചിച്ചു, ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കും, അന്നു കടല്‍പ്പാലത്തില്‍ തനിച്ചിരുന്നു  വിതുമ്പിയ പെണ്‍കുട്ടിക്കും കരയാന്‍ എന്തായിരിക്കും കാരണം?

ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചിന്തിച്ചു,
അവര്‍ക്കുമുണ്ടാകും എനിക്കുള്ളതു പോലെ ഒരു കഥ...

ഞാന്‍ ഒന്നുയര്‍ന്നു നോക്കി,
മീന മാസത്തിലെ ആകാശം പോലെ ശാന്തമായ സമുദ്രം.
ഒഴുകി നടന്നു അലയടിക്കുന്ന ഞങ്ങള്ക്കു
ശാന്തത ഒരു ദുസ്വപ്നമാണ്. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെയും മോഹങ്ങളെയുമാണ് അവ ഓര്‍മ്മിപ്പിക്കുന്നത്...
ആ ശാന്തതയ്ക്കു നടുവില്‍ എനിക്കു പിരിയേണ്ടി വന്ന ആ കൊച്ചു തീരത്തെ ഞാന്‍ തിരഞ്ഞു... കൂടു വിട്ടു കൂടു മാറുന്ന ദേശാടനകിളികളെപ്പോലെ ഒരു കര  വിട്ടു മറ്റു കരയിലേക്കു നീങ്ങുന്ന ഞങ്ങള്ക്കു തീരത്തെ സ്നേഹിക്കാന്‍ അവകാശമില്ല. എങ്കിലും, നിലാവുള്ള രാത്രികളില്‍ എന്‍റെ സിരകള്‍ക്കു ചൂടു പകര്‍ന്ന  ആ കൊച്ചു തീരത്തെ മണല്‍തരികളെ ഞാന്‍ ഒരുപാടു സ്നേഹിച്ചു. എന്‍റെ പ്രണയം അവനോടു തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു... മനസ്സു നിറയെ പറയാന്‍ കൊതിച്ച പ്രണയവുമായി ഓരോ വട്ടവും ഞാന്‍ തീരത്തണയുമ്പോഴും ഒന്നും പറയാനാകാതെ തിരിച്ചു വിളിക്കപ്പെടും.

വേഗത കൂടിയോ? പ്രതീക്ഷയോടെ ഞാന്‍ വീണ്ടും ഒന്നുയര്‍ന്നു നോക്കി... നിര്‍വികാരികളായ പാറക്കൂട്ടങ്ങള്‍!!!

ഞാന്‍ വീണ്ടും കണ്ണടച്ചു...


ദൂരെയെവിടയോ ഒരു തിര പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറി........

ജീവിതം

കൂട് തുറന്നു വിട്ട പക്ഷിപോല്‍  
പറന്നകന്നു ജീവിതം...
വിധിയില്‍  കുരുങ്ങിക്കിടക്കും
തന്‍  ശരീരത്തേയും നിശ്ചലമാക്കി.............

Saturday, October 23, 2010

യാത്രാമൊഴി

നിന്‍റെ ഇരുണ്ട കവിള്‍ത്തടത്തിലെ 
വിരിയുന്ന നുണക്കുഴികളില്‍ 
ഒരു പൂവിനെയെന്നപോല്‍ ഞാന്‍ തൊട്ടു.. 
വാക്കുകള്‍ ഉറഞ്ഞു പോയ
നിന്‍റെ വരണ്ട ചുണ്ടുകളില്‍ 
ഞാനെന്‍റെ ചുണ്ടുകള്‍ കോര്‍ത്തു.. 
വിയര്‍ക്കുന്ന നിന്‍ ഹൃദയത്തെ 
ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ..
പ്രതീക്ഷയോടെ നിന്‍ നേത്രങ്ങള്‍ 
എന്നെ നോക്കിക്കൊണ്ടിരുന്നു ...


കോര്‍ത്തു പിടിച്ച കൈകള്‍
വിരലുകള്‍ കൊണ്ട് അകത്തിമാറ്റി 
നാം കണ്ട സ്വപ്നത്തെ
മനസ്സ് കൊണ്ട്  അറത്തുമാറ്റി 
ഞാന്‍ നടന്നകന്നു.....
ലക്‌ഷ്യം മറന്ന പഥികനെപ്പോലെ..
വറ്റിയ നിന്‍റെ കണ്ണുകളില്‍ 
അപ്പോഴും സ്നേഹം ചോരിയുന്നുണ്ടായിരുന്നു...