പേരറിയാത്ത ഏതോ ഒരു പൂവിന്‍റെ സുഗന്ധവും പേറി ഒരു തണുത്ത കാറ്റു എന്നെ തഴുകി കടന്നു പോയി. കാറ്റിന്‍റെ കൂടെപ്പോയ എന്‍റെ മനസ്സിനെ അതു ചെന്നെത്തിച്ചത് ഒരു സ്വപ്നത്തിലായിരിക്കണം . അല്ലെങ്ങില്‍ തുറന്നു പിടിച്ച കണ്ണുകളുമായി ഒരു പകല്‍കിനാവിലേക്കു ഞാന്‍ വഴുതി വീഴില്ലായിരുന്നു. എന്‍റെ സ്വപ്നങ്ങള്ക്കു കൊങ്കണ്‍ന്‍റെ മനോഹരമായ പാടങ്ങള്‍ പശ്ചാത്തലം തീര്‍ത്തു.
സ്വപ്നത്തില്‍ നിന്നും എന്നെ തിരച്ചു കൊണ്ടു വന്നതു രണ്ടു പിഞ്ചു കൈകളായിരുന്നു. സ്വപ്ന ലോകത്തില്‍ നിന്നും തിരിച്ചു പോന്നവന്‍റെ ആലസ്യത്തില്‍ ഞാന്‍ ആ കുഞ്ഞു കൈകളുടെ ഉടമസ്ഥയെ നോക്കി. ആറോ ഏഴോ വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു സുന്ദരി. തന്‍റെ പ്രായത്തിലെ മറ്റേതൊരു കുട്ടിയേയും പോലെ തിളങ്ങുന്നതായിരുന്നില്ല അവളുടെ കണ്ണുകള്‍. കണ്ണീരു വറ്റിയ ആ കണ്ണുകള്‍ക്കു പറഞ്ഞറിയിക്കാനാവാത്ത ആഴമുണ്ടായിരുന്നു. ഏതോ ഒരു അഗാത ഗര്‍ത്തത്തിലേക്കു തുറിച്ചു നോക്കുന്നതു പോലെ തോന്നി എനിക്ക്. വിശപ്പു സഹിക്കവയ്യാതെ ഒരു നേരത്തെ ആഹാരത്തിനായി കൈ നീട്ടുന്നവളുടെ മുഖമായിരുന്നില്ല അവളുടേതു, പകരം ഈ ചെറു പ്രായത്തില്‍ തന്നെ താന്‍ അനുഭവിച്ച തന്‍റെ ജീവിതത്തിന്‍റെ വെറുപ്പിപിക്കുന്ന ഓര്‍മ്മകള്‍ ഒരു ഭീതിയായി ആ കുഞ്ഞു മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.
വിറയാര്‍ന്ന കൈകള്‍ കൊണ്ടു എന്‍റെ കാലില്‍ ഒരു നൂറു വട്ടം തൊട്ടു തൊഴുതു, വല്ലതും നല്‍കണേ എന്നു കേണു. അവസാനത്തെ നാണയവും മുന്‍പേ പോയ ഭിക്ഷാടകനു കൊടുത്ത എന്‍റെ പേഴ്സില്‍ പേരിനു പോലും കാശുണ്ടായിരുന്നില്ല. നല്‍കണമെന്നു ആഗ്രഹമുണ്ടെന്നും പക്ഷെ ഇല്ലാത്തതു കൊണ്ടാണെന്നും തുറന്നു പിടിച്ച പേഴ്സു കാണിച്ചു കൊടുത്തു എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും തൊഴു കൈകളുമായി അവള്‍ കരഞ്ഞു കൊണ്ടു കേണു. എന്‍റെ നിസ്സഹായവസ്ഥയെ ഞാന്‍ ശപിച്ചു.
എന്‍റെ പേഴ്സിന്‍റെ എല്ലാ മൂലകളിലും ഞാന്‍ മാറി മാറി നോക്കി. അതിന്‍റെ ഏതോ ഒരു മൂലയില്‍ എപ്പോഴോ വൃത്തിയായി മടക്കി വെച്ച ഒരു പത്തു രൂപ നോട്ട് എന്‍റെ കൈയില്‍ പെട്ടു. അതവിടെ ആരു കൊണ്ടു വെച്ചെന്നോ, ഇത്രയും കാലം എന്തിനു ഞാന്‍ അതു സൂക്ഷിച്ചു വെച്ചു എന്നോ എനിക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അതു വന്ന വഴി ഏതായാലും ഞാന്‍ മറന്നിരിക്കുന്നു.
ആ പാവത്തിന്‍റെ തൊഴു കൈകളിലേക്കു ഞാന്‍ നിറഞ്ഞ മനസ്സോടെ അതു വെച്ചു കൊടുത്തു. നിസ്സഹായതയുടെ വീര്‍പ്പുമുട്ടലില്‍ നിന്നും എന്‍റെ മനസാക്ഷിയെ രക്ഷിച്ചെടുക്കാന്‍ ആ പത്തു രൂപ നോട്ടിനായി. ചിരിക്കുകയോ കരയുകയോ ചെയ്യാതെ, ഇളം പ്രായത്തിലേ വികാരങ്ങള്‍ മുരടിച്ചുപോയ ആ കുഞ്ഞു മുഖമുയര്‍ത്തി എന്നെ ഒരു വട്ടം നോക്കി അടുത്ത ബോഗിക്കുള്ളില്‍ എവിടേയോ അവള്‍ ഓടി മറഞ്ഞു.
അവള്‍ പോയ്‌മറഞ്ഞ വഴിയേ നോക്കി ഞാന്‍ ഇരുന്നു. ഒരു പിടി നാണയങ്ങള്‍ ഇരുകൈയ്യികളിലും കൂട്ടിപ്പിടിച്ചു മറ്റേതോ ഭാഷയില്‍ അവള്‍ എന്നോടു പറയാന്‍ ശ്രമിച്ചതു സത്യത്തില്‍ ഭിക്ഷക്കായി യാചിച്ചതായിരുന്നോ അതോ.. ആ നശിച്ച നരകത്തില്‍ നിന്നും തന്നെ രക്ഷിക്കണേ എന്ന അപേക്ഷയായിരുന്നുവോ...??